കണ്ണൂർ: തളിപ്പറമ്പിൽ മൊബൈൽഫോൺ മോഷണമാരോപിച്ച് നടുറോഡിൽ യുവാവിന് ക്രൂരമർദ്ധനം. കേസിൽ കുറ്റക്കാരനല്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയയാളെയാണ് ഒരു സംഘം, വയറിനും നെഞ്ചിലും ചവിട്ടി നടുറോഡിൽ വലിച്ചിഴച്ചത്. മർദ്ധമേറ്റയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.

തിരക്കേറിയ ഉത്രാടദിനത്തിൽ സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടം നോക്കിനിൽക്കെ സംഘം ഇയാളെ വലിച്ചിഴച്ച് ദൂരേക്ക് കൊണ്ടുപോയി. പക്ഷെ ആരും തടഞ്ഞില്ല. മാർക്കറ്റിനടുത്തെ ഒരു കടയിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന സംശയത്തിലായിരുന്നു ക്രൂരമർദനം. വിവരമറിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ്, മൊബൈൽഫോൺ മോഷണം എന്ന ആരോപണത്തിൽ വസ്തുതയില്ലെന്ന് വ്യക്തമാക്കി. 

ദൃശ്യങ്ങൾ കണ്ട് സംഘത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത പൊലീസിന് പക്ഷെ മർദനമേറ്റയാളെ കണ്ടെത്താനായിട്ടില്ല. ഇതോടെ പരാതിക്കാരില്ലാത്തതിനാൽ കേസുമെടുത്തിട്ടില്ല. ഇയാളെ തിരിച്ചറിഞ്ഞ ശേഷം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷമാകും നടപടികൾ.

കഴിഞ്ഞ ജൂൺ മാസത്തിലാണ്, നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്നുവെന്ന പേരിൽ അബ്ദുൾഖാദർ എന്നയാളെ തളിപ്പറമ്പ് പരിയാരത്ത് ഒരു സംഘം കെട്ടിയിട്ട് അടിച്ച് കൊന്നത്. ഈ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി നാട്ടുകാരിൽ ചിലർ ചേർന്ന് പണപ്പിരിവ് നടത്തിയതും വിവാദമായിരുന്നു.