തന്‍റെ ഭാര്യയെ കൊലപ്പെടുത്തിയതായി പുലര്‍ച്ചെ പ്രതി വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

ദില്ലി: തന്‍റെ സുഹൃത്തുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യയുടെ തലയില്‍ ഗ്യാസ് സിലണ്ടറ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ആദര്‍ശ് നഗര്‍ ലാല്‍ഭാഗില്‍ ഭക്ഷണശാല നടത്തുന്ന സുനില്‍ ശര്‍മയെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയായ കവിതയെ സുനില്‍ (28) കൊലപ്പെടുത്തിയത്. അതേസമയം, ദമ്പതികളുടെ നാല് വയസുകാരിയായ കുട്ടി മുത്തശ്ശിയോടൊപ്പം സമീപത്തെ വീട്ടില്‍ ഉറങ്ങുകയായിരുന്നു. തന്‍റെ ഭാര്യയെ കൊലപ്പെടുത്തിയതായി പുലര്‍ച്ചെ പ്രതി വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഭിത്തിയില്‍ തലയ്ക്കടിച്ച് സുനിലും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെറിയ മുറിവുകള്‍ മാത്രമാണുണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കവിത സ്ഥലത്ത് തന്നെ മരിച്ചു. സുനിലിന്‍റെയും കവിതയുടെയും വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായിരുന്നു. പ്രദേശത്ത് തന്നെ താമസിക്കുന്ന തന്‍റെ സുഹൃത്തുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നുള്ള സംശയം മൂലമാണ് സുനില്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.