ബംഗലൂരുവില്‍ പേയിങ്‌ ഗസ്‌റ്റായി താമസിക്കുകയായിരുന്ന മാവേലിക്കര തഴക്കര സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ്‌ അറസ്‌റ്റ്

മാവേലിക്കര: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തിരുവനന്തപുരത്തുകാരിയായ യുവതി അറസ്‌റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന്‌ ജയപ്രകാശ്‌ നഗറില്‍ പുല്ലുകുളം വീട്ടില്‍ ജലീറ്റാ ജോയി എന്ന ഇരുപത്തിയഞ്ചുകാരിയാണ് പിടിയിലായത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബംഗലൂരുവില്‍ പേയിങ്‌ ഗസ്‌റ്റായി താമസിക്കുകയായിരുന്ന മാവേലിക്കര തഴക്കര സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ്‌ അറസ്‌റ്റ്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, മാവേലിക്കര സ്വദേശിനിയെ ജലീറ്റ ബംഗലൂരുവില്‍ വച്ചാണ്‌ പരിചയപ്പെടുന്നത്‌. ജലീറ്റ തന്‍റെ സഹോദരനാണെന്ന് പറഞ്ഞ്‌ ഒരു യുവാവിനെ പരിചയപ്പെടുത്തി. ഇയാള്‍ കുറച്ചുനാള്‍ കഴിഞ്ഞ്‌ പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു. ഇതിനിടെ യുവാവിനെ കാണാതായി. പെണ്‍കുട്ടിയാകട്ടെ മാവേലിക്കരയിലെ വീട്ടിലേക്കും മടങ്ങി.

ജലീറ്റ ബംഗ്‌ളുരുവിലേക്ക്‌ തിരിച്ചു വരണമെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടിയെ നിരന്തരം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെണ്‍കുട്ടി മടങ്ങിപ്പോകാന്‍ തയാറാകാതിരുന്നപ്പോള്‍ ജലീറ്റ തന്റെ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബ്ലാങ്ക്‌ചെക്കില്‍ അഞ്ചു ലക്ഷം രൂപ എഴുതി കേസ്‌ നല്‍കി. കഴിഞ്ഞ ജൂണ്‍ 21 ന്‌ മാവേലിക്കരയിലെത്തിയ ജലീറ്റ, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി. നെടുമ്പാശേരിയിലെത്തി വിമാന മാര്‍ഗം മുംബൈയിലേക്കും അവിടെ നിന്നും ഗുജറാത്തിലെ സത്‌പുരയിലേക്കും പോയതായി പോലീസ്‌ പറഞ്ഞു. 

ഇവിടെ രണ്ട്‌ മലയാളി യുവതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ താമസിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന്‌ രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കി. കഴിഞ്ഞ 24 ന്‌ ജലീറ്റ, ഒരു അഭിഭാഷകനൊപ്പം പെണ്‍കുട്ടിയെ മാവേലിക്കരയിലേക്ക്‌ അയച്ചു. 

മാവേലിക്കര പോലീസ്‌ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത്‌ കോടതിയില്‍ ഹാജരാക്കിയ ശേഷം എസ്‌.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം ബാംഗ്‌ളുരുവിലെത്തി ജലീറ്റയെ അറസ്‌റ്റ് ചെയ്‌തു. സ്വവര്‍ഗ ലൈംഗികതയോട്‌ താല്‍പര്യമുള്ള ജലീറ്റ ഈ താല്‍പര്യത്തിനായി ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണെന്ന്‌ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.