കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായി നവമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. 

കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ സ്വദേശി അരുണാണ് പൊലീസ് പിടിയിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുപൊള്ളിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായി നവമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി തെന്മല, കുളത്തുപ്പുഴ, കരവാളൂര്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടത്തി. വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കാണാതായ വിവരം പുറത്തുവന്നതോടെ പൊലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി. ഇതറിഞ്ഞ അരുണ്‍ പെണ്‍കുട്ടിയെ കരവാളൂരില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

മൂന്ന് മാസം മുന്‍പ് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുപൊള്ളിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അരുണ്‍ ഒരുമാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സ്‌കൂളില്‍ നിന്നും ആസിഡ് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.