കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് യുവാവ് മോശമായി പെരുമാരിയത്
തിരുവനന്തപുരം: ബസ്സിൽ വച്ച് മോശമായി പെരുമാറിയ യുവാവിനെ പെൺകുട്ടിയും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പ്പിച്ചു. തമ്പാനൂരിൽ നിന്നും കഴക്കൂട്ടത്തേക്കുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസ്സിൽ വെച്ചായിരുന്നു ഉപദ്രവം. കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവാണ് പെൺകുട്ടിയെ കടന്നുപിടിച്ചത്. ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കാൻ അച്ചനും സഹോദരനും യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി.
യാത്രയിൽ തന്നെ ബസ്സിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളോടും ഇയാൾ മോശമായി പെരുമാറിയിരുന്നതായി യാത്രക്കാർ പറയുന്നു. കഴക്കൂട്ടത്ത് ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടിയ സജീവിന് പിന്നാലെ പെൺകുട്ടിയും അച്ഛനും സഹോദരനും ഓടി. നാട്ടുകാരും കൂടി ചേർന്ന് ഇയാളെ പിടികൂടി. ഒടുവില്‍ ഓടിച്ചിട്ട് പിടികൂടിയ യുവാവിനെ പെൺകുട്ടി മുഖത്തടിച്ചു. പൊലീസെത്തിയപ്പോൾ പരാതിയില്ലെന്ന് പെൺകുട്ടി പറഞ്ഞെങ്കിലും സ്ത്രീകളെ അപമാനിച്ചതിന് സ്വമേധായ പൊലീസ് കേസെടുത്തു.
