തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആര്യനാട് പുനലാല്‍സ്വദേശി ഷിബുനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ആണ് സംഭവം. രാവിലെ വൃദ്ധയുടെ വീടിന് സമീപത്ത് എത്തിയ പ്രതി ഇവരുമായി സൗഹൃദം കൂടാന്‍ ശ്രമിച്ചു. പതിനൊന്നാം തീയതി വീട്ടില്‍ ആരും ഇല്ല എന്ന് മനസിലാക്കി കടന്ന് പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. 

വൃദ്ധ ബഹളം വച്ചപ്പോള്‍ വാ പൊത്തി പിടിക്കുയും ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയും ചെയ്തു. ഇയാളെ തള്ളി മാറ്റി സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു. പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ മേശപ്പുറത്ത് പണവും വച്ച ശേഷമാണ് പ്രതി മുങ്ങിയത്. ഇതിനിടെ ഇവരുടെ ഫോണില്‍ വിളിച്ചും ഇയാള്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് സംഭവം വൃദ്ധ മക്കളെ അറിയിക്കുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് ചക്കിപ്പറ നിന്നും കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്‌റ് ചെയ്തത്. ഇയാള്‍ മുന്‍പും സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.