കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വാഗമണ്ണില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയിലായി. വൈക്കം ചെമ്മനത്തുകര സ്വദേശി ജിഷ്ണു (21), കാര്‍ ഡ്രൈവര്‍ വാഴമല സ്വദേശി മനു എന്നിവരെയാണ് വൈക്കം എസ്.ഐ കെ.എസ് സ്വാഹില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു പീഡനം നടന്നത്.

വൈക്കത്തെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണുവും മനുവും ചേര്‍ന്ന് സ്‌കൂളിനു മുന്നില്‍ നിന്നു പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെയും കണ്ടെത്തി. 

പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് കേസെടുത്തു. സ്‌കൂളില്‍ പോകുന്ന വഴി പെണ്‍കുട്ടിയുമായി ജിഷ്ണു അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നു, മനു കാറുമായെത്തി ഇരുവരെയും വാഗമണ്ണിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. 

വാഗമണ്ണില്‍ വച്ച് ജിഷ്ണു കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും, ബൈക്കും പിടിച്ചെടുത്തു. ജിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മനുവിനെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.