ബംഗളൂരു; ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ശ്രീലങ്കൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ഹാവേരി സ്വദേശി സതീഷ് ആണ് പിടിയിലായത്. മോഡലിങ്ങിൽ അവസരം വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ചത്. 

ബോളിവുഡിൽ സ്വാധീനമുണ്ടെന്നുമുള്ള വാഗ്ദാനങ്ങളിൽ മയങ്ങിയ പെൺകുട്ടി, അമ്മയുമൊത്ത് കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിൽ എത്തിയത്. ‌ മുംബൈയിലെ ഹോട്ടലിൽ എത്തിച്ചശേഷം പെൺകുട്ടിയെ മുറിയിലേക്കു വരുത്തിയ ഇയാൾ ജ്യൂസിൽ ഉറക്കമരുന്നു ചേർത്തു നൽകി മാനഭംഗപ്പെടുത്തി. 

പിന്നീട് ഇരുവരെയും കർണാടകയിൽ എത്തിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടുലക്ഷത്തോളം രൂപയും തട്ടിയെടുത്ത ഇയാൾ പെൺകുട്ടിയെയും അമ്മയെയും വേശ്യാവൃത്തിക്കു നിർബന്ധിച്ചതായും ആരോപണമുണ്ട്. പിന്നീട് ബസിൽ ഇവരുമായി മുംബൈയിലേക്കു പോയ സതീഷ് പാതിവഴിയിൽ ബസിൽ നിന്നിറങ്ങി കടന്നുകളഞ്ഞു. 

വഞ്ചിക്കപ്പെട്ടതായി മനസിലായതോടെ ഇവർ ഉപ്പാർപേട്ട് പൊലീസിൽ പരാതി നൽകി. ബെംഗളൂരുവിലെ സന്നദ്ധ സംഘടനയുടെ കൗൺസലിങ്ങിനു വിധേയരായ പെൺകുട്ടിയെയും അമ്മയെയും ശ്രീലങ്കയിലേക്കു തിരിച്ചയച്ചു.