കോഴിക്കോട് മുക്കം സര്‍ക്കാര്‍ പറമ്പില്‍ മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍. കൊല്ലം പരവൂര്‍ സ്വദേശി അബ്ദുല്‍ റഊഫിനെയാണ് അറസ്റ്റ് ചെയ്തത്. മതപഠനത്തിനെന്ന വ്യാജേനെ കാരശ്ശേരിയിലെത്തിയ ഇയാള്‍ മദ്രസയില്‍ താമസിച്ച് പഠിക്കുന്ന 15 വയസുകാരനെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ നാഗര്‍കോവിലില്‍ നിന്നാണ് പിടികൂടിയത്. കൊല്ലം പരവൂര്‍ സ്വദേശി പുതുവീട്ടില്‍ അബ്ദുല്‍ റഊഫാണ് അറസ്റ്റിലായത്. ഈ മാസം മൂന്നിനാണ് റാഷിദ് എന്ന കള്ളപ്പേരില്‍ അബ്ദുല്‍ റഊഫ് കോഴിക്കോട് മുക്കം സര്‍ക്കാര്‍പറമ്പിലെ മദ്രസയില്‍ മത പഠനത്തിനെത്തിയത്. രക്ഷിതാക്കളില്ലാതെ പ്രവേശനം നല്‍കില്ലെന്ന് മദ്രസ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം താമസിക്കാന്‍ അനുവാദം ചോദിച്ചു. രാത്രിയില്‍ ഇവിടെ തങ്ങിയ യുവാവ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 15 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേദിവസം ഇവിടെ നിന്നും ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.

അടുത്ത ദിവസം വിദ്യാര്‍ത്ഥി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുക്കം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതി വിവിധ ഇടങ്ങളില്‍ താമസിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.