എറണാകുളം: കൊച്ചിയില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് പിടിയിലായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. ആലുവ സ്വദേശി സൈലേഷ് കുമാര്‍,ഞാറക്കല്‍ സ്വദേശി ഷൈന്‍ എന്നിവരാണ് പിടിയിലായത്.

വല്ലാര്‍പാടം സ്വദേശി നിഖില്‍ ജോസ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമായ കുഞ്ഞിനുമൊപ്പം ജീപ്പില്‍ വരുമ്പോഴായിരുന്നു സംഭവം. പിറകെ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമികളെ പിടികൂടാന്‍ ഡിജിപി ഇടപെട്ട് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

പ്രതികളായ വികാസിനെയും ,സരുണിനെയും, നിതീഷിനെയും സംഭവം നടന്ന ശേഷം ഓട്ടോറിക്ഷയിലും, ബൈക്കിലുമായി രക്ഷപെടാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. സൈലേഷിന്റെ വീട്ടില്‍ പ്രതികളില്‍ ഒരു രാത്രി താമസിക്കുകയും ചെയ്തു. ഇവരുപയോഗിച്ച ഓട്ടോറിക്ഷയും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസ് പറയുന്നത്