വി കെ ശ്രീകണ്ഠൻ എംപിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത് എത്തിയത്.

പാലക്കാട്: പി.കെ ശശിയുമായുള്ള സഹകരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ദുൽ ഖിഫിൽ. നാറിയവനെ പേറിയാൽ ഏറിയവനും നാറും എന്ന് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ദുൽഖിഫിൽ. ശശിയുടെ പഴയകാല ചരിത്രം ഓർമിപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്ക് പോസ്റ്റിട്ടു. പീഡന പരാതിയിലാണ് ശശിക്കെതിരെ നടപടിയെടുത്തത് എന്നത് മറക്കരുത് എന്നും അദ്ദേഹം സൂചിപ്പിച്ചു. വി കെ ശ്രീകണ്ഠന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത് എത്തിയത്

അതേ സമയം പാലക്കാട് മണ്ണാർക്കാട് സി പി എമ്മിൽ പി.കെ ശശി വിവാദം പുകയുന്നു. ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയിലെ പരിപാടിയിൽ സി.പി.എമ്മിനെയും ഡിവൈഎഫ്ഐയും വെല്ലുവിളിച്ച് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് വിവാദം. മണ്ണാർക്കാട് സജീവ സാന്നിധ്യമായി ഉണ്ടാകുമെന്നും ബിഗ്ബി സിനിമയിലെ ഡയലോഗുമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ തന്നെ ശശിക്ക് മറുപടിയുമായി രംഗത്തെത്തി. വിവാദം കത്തി നിൽക്കെയാണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കമെറിഞ്ഞത്. 

പുല്ലശ്ശേരി സ്വദേശി അഷറഫിനെയാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.സിപിഎം പ്രവർത്തകനായ അഷ്റഫ് പി.കെ ശശി അനുകൂലിയാണെന്നാണ് പാർട്ടി നേതാക്കളുടെ ആരോപണം. മദ്യപിച്ച് സ്വബോധം ഇല്ലാത്തതിനാൽ നാളെ വിശദമായി ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയായിരിക്കും മറ്റു നടപടികളെന്നും മണ്ണാർക്കാട് സി.ഐ അറിയിച്ചു. അതേസമയം വിവാദങ്ങൾക്കിടെ ശശിയെ സ്വാഗതം ചെയ്ത് യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.