തൃശൂര്‍: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 28,000 രൂപ ചെലവിട്ട് കണ്ണട വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് തൃശൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ മന്ത്രി ശൈലജ ടീച്ചര്‍ക്ക് കണ്ണട അയച്ച് കൊടുത്തു. കഴിഞ്ഞ ദിവസമായിരുന്നു കണ്ണട തപാല്‍ മാര്‍ഗം മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്. തൃശൂര്‍ സ്പീഡ് പോസ്റ്റാഫീസില്‍ നടന്ന കണ്ണട അയച്ചുകൊടുക്കല്‍ പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ് മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറിയും തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.
ശൈലജ ടീച്ചര്‍ 28,000 രൂപയുടെ കണ്ണട വാങ്ങി ആ പണം റീഇമ്പേഴ്‌സ്‌മെന്റ് ചെയ്തു എന്നതാണ് ആരോപണം. എന്നാല്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ചികിത്സ വേണ്ടിവന്നാല്‍, ഗൗരവമനുസരിച്ച് വിദേശത്തോ, സ്വദേശത്തോ ചികിത്സതേടുന്നതോ അതിന് ചെലവായ തുക നിയമസഭ അംഗീകരിച്ച ചട്ടം അനുസരിച്ച് റീ ഇമ്പേഴ്‌സ്‌മെന്റ് ചെയ്യുന്നതോ പുതിയ കാര്യമല്ലെന്നാണ് സര്‍ക്കാരനുകൂലികളുടെ മറുവാദം.
എന്നാല്‍, ശൈലജ ടീച്ചറുടെ ഭര്‍ത്താവിന്റെ ചികിത്സയും അതിന് ചെലവായ തുകയും റീ ഇമ്പേഴ്‌സ്‌മെന്റ് ചെയ്‌തെന്നും ആരോപണമുയര്‍ന്നിരുന്നു. ചികിത്സാ സമയത്ത് ടീച്ചറിന്റെ ഭര്‍ത്താവ് മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരുന്നു. നിയമസഭാംഗത്തെയോ, മന്ത്രിമാരെയോ ആശ്രയിച്ചു കഴിയുന്ന വ്യക്തിയുടെ ചികിത്സാ ചെലവിന് ആവശ്യമായ തുക ചട്ടം അനുസരിച്ച് റീ ഇമ്പേഴ്‌സ്‌മെന്റ് ചെയ്യുന്നതില്‍ അപാകതയില്ലെന്നായിരുന്നു മറുപടി.
