കൊല്‍ക്കത്ത: ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ പങ്കാളിയായിരുന്ന യുവാവ് വീട്ടിലെ മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കൊല്‍ക്കത്തയിലെ ബിജോയ്ഗഢിലാണ് സംഭവം. സംഭവത്തില്‍ യുവാവിനൊപ്പം താമസിച്ചിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തമ്മില്‍ വഴക്കിട്ടതിന് ശേഷം വീടിന്റെ വാതില്‍ അകത്തു നിന്നു പൂട്ടി യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

വാതില്‍ തുറക്കാന്‍ താക്കോല്‍ ലഭിക്കാതിരുന്നതിനാല്‍ സഹായം തേടാനായില്ലെന്നാണ് യുവതി പറയുന്നത്. സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തിങ്കളാഴ്ച രാവിലെ ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

കൊല്ലപ്പെട്ടയാളുടെയും യുവതിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വഴക്കിനിടെ യുവാവ് സ്വയം കഴുത്തറക്കാന്‍ ശ്രമിച്ചതായാണ് പൊലീസ് നിഗമനവും. യുവാവിന്റെ മുറിവില്‍ ടേപ്പ് ഒട്ടിച്ച് രക്തം ഒഴുകുന്നത് തടയാനും യുവതി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് പൂര്‍ണമായും ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ഫൊറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.