ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്താണു സംഭവം. തൊഴില്‍ രഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ തയാറാവാതിരുന്ന കാമുകിയെ കാമുകന്‍ കഴുത്തു ഞെരിച്ചു കൊന്നു. കൊലപാതകത്തിനു ശേഷം യുവാവ് തൂങ്ങി മരിച്ചു. കമിതാക്കളായ ജെന്നിഫര്‍ പുഷ്പ, (20) കാമുകന്‍ ജോണ്‍ മാത്യൂ (22) എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ ജെന്നിഫറും ജോണും പ്രണയത്തിലായിരുന്നു. 

ബി സി എ പൂര്‍ത്തിയാക്കിയ ജെന്നിഫറിന് ക്യാമ്പസ് സെലക്ഷനില്‍ ജോലി കിട്ടി. എന്നാല്‍ ജോണ്‍ ടൈലറായ അച്ഛനെ സഹായിക്കുകയായിരുന്നു. 
ജോലി ഒന്നുമില്ലാത്ത ജോണിനെ വിവാഹം കഴിക്കാന്‍ ജെന്നിഫറിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്നു പ്രണയം അവസാനിപ്പിക്കാമെന്നു ജെന്നിഫര്‍ ജോണിനോടു പറയുകയായിരുന്നു. 

ബന്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ജെന്നിഫറിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലിപുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് ജോണ്‍ കാമുകിയെ കൂട്ടി കൊണ്ടു പോകുകയും അവിടെ വച്ച് കാമുകിയെ കൊല്ലുകയായിരുന്നു. കാമുകി മരിച്ചു എന്ന് ഉറപ്പായ ശേഷം ജെന്നിഫറിന്‍റെ ഷോളില്‍ ജോണ്‍ മാത്യൂ ആത്മഹത്യ ചെയ്തു.