ഭീകരമായ സംഭവത്തിന്‍റെ മറ്റൊരു ദൃശ്യം എന്ന വാക്യത്തോടെയാണ് വീഡിയോ അപ്ലോഡ് ചെയ്യ്തിരിക്കുന്നത്

ബംഗലൂരു: പുതിയ കാലത്ത് തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ സോഷ്യല്‍ മീഡിയ ശക്തമായ ആയുധമാണ്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ അത്തരത്തിലുള്ളതാണ്. ചീറിപ്പായുന്ന എക്സ്പ്രസ് ട്രെയിനില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന യുവാവിന്‍റെയും അത് കണ്ട് ആസ്വദിക്കുന്ന സഹയാത്രികരുടെയും വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ഭീകരമായ സംഭവത്തിന്‍റെ മറ്റൊരു ദൃശ്യം എന്ന വാക്യത്തോടെയാണ് വീഡിയോ അപ്ലോഡ് ചെയ്യ്തിരിക്കുന്നത്. ബംഗലൂരുവിന് സമീപം അതിവേഗത്തിലോടുന്ന ട്രെയിനിലാണ് യുവാവ് തൂങ്ങിക്കിടന്ന് യാത്ര ചെയ്തത്. മിനിട്ടുകള്‍ക്കിപ്പുറം പിടിവിട്ട് യുവാവ് നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ യുവാവിന് എന്ത് സംഭവിച്ചു എന്ന കാര്യം സംബന്ധിച്ച് വ്യക്തതയില്ല.

ഒരു മിനിട്ട് 22 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ യുവാവ് ആദ്യം മുതല്‍ തന്നെ ജനാലക്കമ്പിയില്‍ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. ഇത് കണ്ട് നില്‍ക്കുന്ന യാത്രക്കാര്‍ അപായചങ്ങല വലിച്ച് യുവാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ മൊബൈലില്‍ ഷൂട്ട് ചെയ്ത് രസിക്കുകയാണ് ചെയ്തത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.