തൃശൂര്‍: മാവേലി എക്സ്പ്രസിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.
എ.സി എ വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസ് ഇയാളെ പിടികൂടി.
നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം മുന്നൂറ്റി അൻപത്തിനാല് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഉടൻ ഹാജരാക്കും
