പൊലീസില്‍ പരാതിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ താമസിക്കുന്ന ഒരു കുടുംബം പൊലീസിന് നല്‍കിയ പരാതിയിലൂടെയാണ് വിചിത്രമായ സംഭവം വാര്‍ത്തയായത്. 

വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് അര്‍ധരാത്രിയാണ് പൊലീസിന് ഫോണ്‍ വന്നത്. വീടിന്റെ ജനാലച്ചില്ല് തകര്‍ത്ത് വീട്ടിനകത്തേക്ക് അപരിചിതനായ ഒരാള്‍ വന്നുവെന്നായിരുന്നു പരാതി. വീട്ടിനകത്തേക്ക് കയറിയ ചെറുപ്പക്കാരന്‍ ഉറങ്ങുകയായിരുന്ന ദമ്പതികളെ വിളിച്ചുണര്‍ത്തിയ ശേഷം അവരുടെ വൈഫൈ പാസ്വേര്‍ഡ് ചോദിക്കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിനേഴുകാരനെ കണ്ടുകിട്ടി. യഥാര്‍ത്ഥത്തില്‍ വൈഫൈ സൗകര്യം ചേദിച്ചുതന്നെയാണോ ഇയാള്‍ അകത്തുകടന്നതെന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഫോണില്‍ ഡാറ്റ തീര്‍ന്നതോടെയാണ് ഇങ്ങനെയൊരു അതിക്രമം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് യുവാവിന്റെ മൊഴി. 

വൃദ്ധ ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറും മുമ്പ് സമീപത്തുള്ള പല വീടുകളിലേക്കും കയറാന്‍ യുവാവ് ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും വൃദ്ധ ദമ്പതികളുടെ പരാതി പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.