ദില്ലിയില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കാറിടിപ്പിച്ച് കൊന്നു. പഞ്ചാബ് സ്വദേശിയെ കൊന്ന കേസില്‍ അറസ്റ്റിലായ അസം സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ പൊലീസ് ജാമ്യത്തില്‍ വിട്ടു.
ഞായറാഴ്ച്ചയാണ് പഠനത്തിന്റെ ഭാഗമായ ഹ്രസ്വചിത്ര നിര്‍മ്മാണത്തിന് ദില്ലി എയിംസിന് സമീപത്ത് പഞ്ചാബ് സ്വദേശികളായ ഗുര്‍പ്രീതു്, മനീന്ദര്‍ സിങ് എന്നിവര്‍ എത്തിയത്. ഇരുവരും കടയില്‍ നിന്ന് ചായകുടിക്കുമ്പോഴാണ് അസം സ്വദേശിയും നിയമ വിദ്യാര്‍ത്ഥിയുമായ രഞ്ജിത് കുമാര്‍ മഹന്ദ സമീപത്ത് വച്ച് പുകവലിച്ചത്. പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളുടെ മുഖത്തേക്ക് പുക ഊതി വിട്ട മഹന്ദ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. കച്ചവടക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ച ശേഷം ഇരുവരും ബൈക്കില്‍ മടങ്ങുമ്പോഴാണ് കാറില്‍ പിന്തുടര്‍ന്ന് മഹന്ദ ഇടിച്ചിട്ടത്.
ഓട്ടോറിക്ഷയേയും ടാക്‌സിയേയും ഇടിച്ചശേഷം മഹന്ദ നിര്‍ത്താതെ പോയി. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുര്‍പ്രീത് രാവിലെയോടെ മരിച്ചു. സംഭവത്തിന് ശേഷം മഹന്ദയെ അറസ്റ്റ് ചെയ്തെങ്കിലും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് പൊലീസ് കേസെടുത്തത്. മഹന്ദയുടെ അച്ഛന്‍ ദില്ലി ഐ.ഐ.ടിയില്‍ വിസിറ്റിംഗ് പ്രഫസറാണെന്നും സ്വാധീനമുള്ള പ്രതിയെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഗുര്‍പ്രീതിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു.
