ജോലി നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്

മുംബൈ: പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ സഹപ്രവര്‍ത്തകയെ യുവാവ് കൊന്നു തള്ളി. മാര്‍ച്ച് 16ന് മുംബൈയില്‍ നിന്ന് കാണാതായ കിര്‍ത്തി വ്യാസിന്റെ മരണം സബന്ധിച്ച വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും. ബോളിവുഡ് നടന്‍ ഫറാന്‍ അക്തറിന്റെ മുന്‍ഭാര്യയുടെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു കിര്‍ത്തി. മാര്‍ച്ച് 16 ന് ഓഫീസില്ക്ക് തിരിച്ച കിര്‍ത്തി പിന്നീട് മടങ്ങിയെത്തിയില്ല. വീട്ടുകാര്‍ കാണാനില്ലെന്ന് പരാതി നല്‍കുകയും അന്വേഷണം പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് കിര്‍ത്തി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. 

കിര്‍ത്തിയുടെ തന്നെ സഹപ്രവര്‍ത്തകരായ രണ്ടു പേര്‍ ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സ്ഥാപനത്തിന്റെ മാനദണ്ഡമനുസരിച്ച് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൊലീസിന് ഒപ്പവും കിര്‍ത്തിയുടെ മാതാപിതാക്കള്‍ക്കൊപ്പവും ഉണ്ടായിരുന്ന പ്രതികളെ സംശയിക്കാനുള്ള ഒന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നില്ല. ഒപ്പം സമൂഹ മാധ്യമങ്ങളില്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ സജീവമാക്കി നിര്‍ത്തിയത് ഇവര്‍ രണ്ടു പേരും ആയിരുന്നെന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 

ക്രൈ ബ്രാഞ്ച് അന്വേഷണത്തോടെയാണ് സംഭവങ്ങള്‍ക്ക് പുതിയ ഒരു ദിശയിലെത്തുന്നത്. ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നും പ്രകടനം മെച്ചപപ്പെടുത്താമെന്നും സഹപ്രവര്‍ത്തകന്‍ കിര്‍ത്തികയെ മാര്‍ച്ച് 16 ന് നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ അനുകൂല സമീപനമല്ല കിര്‍ത്തിയില്‍ നിന്ന് ഉണ്ടായത്. ഇതില്‍ പ്രകോപിതനായ സിദ്ദേശ് താംഹാങ്കര്‍ കിര്‍ത്തിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എച്ച് ആര്‍ വിഭാഗം ജീവനക്കാരി ഖുഷി സഹജ്വാനി സിദ്ദേശിനെ സഹായിക്കുകയായിരുന്നു. സിദ്ദേശുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ സഹായിക്കാന്‍ ഖുഷിയെ പ്രരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.

കിര്‍ത്തിയുടെ മൃതദേഹം ഡിക്കിയില്‍ വച്ച് ഇതേ കാറുമായാണ് ഇവര്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് കിര്‍ത്തിയുടെ മൃതദേഹം നഗരത്തിന് പുറത്തുള്ള മാഹുല്‍ എന്ന ഗ്രാമത്തിലെ ഒരു തടാകത്തില്‍ തള്ളി. പിന്നീട് നഗരത്തിലേക്ക് തിരിച്ചെത്തി സാധാരണ ജീവിതവും സജീവമായി കിര്‍ത്തിയ്ക്കു വേണ്ടിയുള്ള തിരച്ചിലിലും സജീവമായി. എന്നാല്‍ മാര്‍ച്ച് പതിനാറിന് ഇവര്‍ക്കൊപ്പം കിര്‍ത്തിയെ കാറില്‍ പോകുന്ന സിസിടിവി ദൃശ്യം ക്രൈം ബ്രാഞ്ചിന് കിട്ടിയതാണ് കേസില്‍ വഴിത്തിരിവായത്.