സംഘടനാ വീഴ്ച, ചെങ്ങന്നൂരിൽ പ്രകടമായ ദൗർബല്യം എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു ഈ ശ്രമം സംസ്ഥാന നേതൃത്വത്തിന്റെ പരോക്ഷ പിന്തുണ യുവനേതാക്കൾക്ക് കിട്ടി
ദില്ലി: പിജെ കുര്യനെതിരായ യുവനേതാക്കളുടെ പരസ്യപ്രസ്താവനയിൽ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പരോക്ഷ പിന്തുണ യുവനേതാക്കൾക്ക് കിട്ടിയെന്നാണ് ചില എംപിമാർ ഉൾപ്പടെയുള്ളവരുടെ പരാതിപ്പെട്ടു.
കെപിസിസി അദ്ധ്യക്ഷനെയും യുഡിഎഫ് കൺവീനറെയും, രാജ്യസഭാ സ്ഥാനാർത്ഥിയേയും നിശ്ചയിക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസ് സംസ്ഥാന നേതാക്കൾ നാളെ ദില്ലിയിലെത്തും. അതിനു മുമ്പ് തന്നെ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന നേതാക്കളോടുള്ള അതൃപ്തി എംപിമാർ ഉൾപ്പടെയുള്ള ചില മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ചു. പിജെ കുര്യനെതിരെ ഒരു ദിവസം എല്ലാ യുവനേതാക്കളും കൂടി രംഗത്തു വന്നത് വെറുതെയല്ലെന്നാണ് ഇവരുടെ പരാതി.
സംഘടനാ വീഴ്ച, ചെങ്ങന്നൂരിൽ പ്രകടമായ ദൗർബല്യം എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു ഈ ശ്രമം എന്നാണ് ഒരു വിഭാഗം കരുതുന്നത്. യുവനേതാക്കളിൽ പലരും സീറ്റു കിട്ടാൻ രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും അടുത്തു നിന്ന നേതാക്കളാണെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ പരസ്യപ്രസ്താവനകൾ തടയാൻ ഇവരും ഇടപെട്ടില്ല എന്നാണ് പരാതി.
പരസ്യപ്രസ്താവനകൾ ഒഴിവാക്കണമായിരുന്നു എന്ന നിലപാട് തന്നെയാണ് ഹൈക്കമാൻഡിനും ഉള്ളത്. കെപിസിസി അദ്ധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നിവരുടെ കാര്യത്തിൽ ഏതെങ്കിലും പേരിലേക്ക് എത്തിയിട്ടില്ല എന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും എഐസിസി വൃത്തങ്ങൾ.
പാർട്ടിയിൽ മാറ്റം അനിവാര്യമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെവി തോമസ് എന്നീ മുന്ന് എംപിമാരുടെ പേര് കെപിസിസി അദ്ധ്യക്ഷനാവാൻ ചർച്ചയിലുള്ളപ്പോൾ പഴയ ഐഗ്രൂപ്പ് നേതാക്കളായ എംപിമാരുടെ പിന്തുണ മുല്ലപ്പള്ളിക്കാണ്. കുര്യനെ മാറ്റുകയാണെങ്കിൽ രാജ്യസഭാ സീറ്റിനായി കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്ന എംഎം ഹസനും അവകാശവാദം ഉന്നയിച്ചേക്കും
