സൗജന്യ ചികിൽസ നടപ്പാകുന്നില്ലെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചവര്‍ക്ക് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാകുന്നില്ലെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയവർക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന നടത്തണമെന്നാണ് പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമം നടത്താനും ആശുപത്രികളില്‍ ശുചിത്വം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. വൈറസ് ബാധയേറ്റവര്‍ക്കും, വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.
ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്‍റേയും സാബിത്തിന്‍റേയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
