പാലക്കാട്: പാലക്കാട് എലവഞ്ചേരിയില്‍ പുതുവത്സരാഘോഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. എലവഞ്ചേരി കൊട്ടയങ്കാട് സ്വദേശി സുജിത്ത് ആണ് മരിച്ചത്. എലവഞ്ചേരി ബേബി കലാസമിതിയില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.

കൊട്ടയങ്കാട് അണ്ടിത്തറ എന്നീ പ്രദേശങ്ങള്‍ തമ്മില്‍ കാലങ്ങളായി നിലനിന്നിരുന്ന വൈരമാണ് തര്‍ക്കത്തിന് കാരണം. കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടയിലും പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഒലവക്കോട് സഹകരണ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച സുജിത്ത്.

ഗുരുതരമായി പരിക്കേറ്റ അഖിലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. പ്രതികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.