പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സ്വദേശി സഫീര്‍(22) നെ കുത്തികൊന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍. എന്നാല്‍ സഫീറിന്റെ കൊലപാതകം രഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായ അഞ്ച് പേരും. 

നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍. സഫീറിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവില്പന ശാലയില്‍ കയറിയ മൂന്നുപേരടങ്ങുന്ന സംഘമാണ് സഫീറിനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സഭവം. 

കുന്തിപ്പുഴ നമ്പിയിന്‍കുന്ന് ഭാഗത്തുള്ള ആളുകളാണ് കൊലനടത്തിയെതെന്ന് രാത്രിതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊലനടത്തിയ ശേഷം മൂന്നംഗ സംഘം ഓടി രക്ഷപ്പെട്ടതായിയും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. നേരത്തെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകരും സിപിഐയുടെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് സഫീറിന്റെ കൊലപാതകമെന്നും ലൂഗ് ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നില്‍ സിപിഐ ആണെന്ന് ലീഗ് ആരോപിച്ചു. സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐയുടെ ഗുണ്ടാസംഘങ്ങളാണെന്ന് മണ്ണാര്‍കാട് എംഎല്‍എയും ലീഗ് നേതാവുമായ എ.എം.ഷംസുദ്ദീന്‍ പറഞ്ഞു. സഫീറുമായി ഇവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും എംഎല്‍എ പറഞ്ഞു. എന്നാല്‍ സിപിഐ ഒരിക്കലും അക്രമരാഷ്ടീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സിപിഐ നേതാവ് സുരേഷ് രാജ് പറഞ്ഞു. അക്രമികള്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നതാണ് സിപിഐ നിലപാടെന്നും സുരേഷ് രാജ് പറഞ്ഞു.

സഫീറിന്റെ കൊലപാതകത്തെ തുടര്‍ന്ന് മണ്ണാര്‍കാട് കോടതിപ്പടിയില്‍ ഇന്നലെ രാത്രി വൈകുവേളം ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. മണ്ണാര്‍കാട് നിയോജകമണ്ഡലത്തില്‍ സഫീറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ അനുശോചന സൂചകമായി കടകളടയ്ക്കുമെന്ന് അറിയിച്ചു.