അച്ഛന്റെ മരണ ശേഷം രോഗിയായ അമ്മയെയും മൂന്നു സഹോദരിമാരെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയും വളര്‍ത്താന്‍ വഴികാണാതെ ഗള്‍ഫിലേക്ക് വിമാനം കയറിയതാണ്‌ സൈനുല്‍ അറബിയ എന്ന പതിനാറുകാരി. ആറുമാസം അറബി വീട്ടില്‍ ജോലി ചെയ്ത ശേഷം സൗദി അതിര്‍ത്തിയിലുള്ള ഒട്ടകാലയത്തിലേക്ക് പറഞ്ഞു വിട്ട ഈ പെണ്‍കുട്ടിയുടെ ഇടയ ജീവിതം പിന്നീട് 150തോളം ഒട്ടകങ്ങള്‍ക്കും അത്രതന്നെ ആടുകള്‍ക്കും നടുവിലായി. പാമ്പുകളും തേളുകളും നിറഞ്ഞ മരുഭൂമിക്ക് നടുവില്‍ എരിയുന്ന വയറുമായി തള്ളി നീക്കിയ ഏഴു വര്‍ഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ വാക്കുകള്‍ കണ്ണീരായി പെയ്തൊഴിയുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുതവണ നാട്ടില്‍ പോയി തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ ഒന്‍പതു വര്‍ഷമായി പലയിടങ്ങളില്‍ ഒളിവില്‍ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. 

ഒരു പെണ്‍കുട്ടി കൂടി ജനിച്ച ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മൂന്നു പെണ്‍കുട്ടികളെ അനാഥാലയത്തില്‍ ഏല്‍പിച്ചാണ് ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ യുവതി വീണ്ടും ഖത്തറില്‍ തിരിച്ചെത്തിയത്.പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നാട്ടിലേക്കയക്കാന്‍ സ്വരുക്കൂട്ടി വെച്ച ഒന്നര ലക്ഷം രൂപയുമായി കടന്നു കളഞ്ഞ മലയാളിയെ കണ്ടെത്താന്‍ കഴിയാത്തത്തിന്റെ വിഷമവും ഇവര്‍ പങ്കുവെക്കുന്നു. നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം വെറും കയ്യുമായി നാട്ടിലെത്തുമ്പോള്‍ രോഗിയായ അമ്മയും മൂന്നു പെണ്‍മക്കളും ചോര്‍ന്നൊലിക്കുന്ന കുടുംബ വീടും മാത്രമാണ് ഈ ഹതഭാഗ്യയെ കാത്തിരിക്കുന്നത്.