ദില്ലി: വിവാദ ഇസ്ലാംമത പ്രഭാഷകൻ സാകിര്‍ നായികിന്‍റെ സന്നദ്ധസംഘനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമമായ യുഎപിഎ ചുമത്തിയാണ് സാകിര്‍ നായികിന്റെ സന്നദ്ധസംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്.
ഐആര്‍എഫിനെ നിയമവിരുദ്ധ സംഘടനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരത പ്രചരിപ്പിക്കുന്ന പ്രസംഗങ്ങള്‍ സാകിര്‍ നായിക് നടത്തിയിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ഐആര്‍എഫിന്റെ മുഴുവൻ ഫണ്ടുകളും മരവിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഐആര്‍എഫിന് കീഴിലുള്ള സ്ഥാപനങ്ങൾക്കും പ്രവര്‍ത്തിക്കാനാകില്ല.
ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന അന്താരാഷ്ട്ര ചാനലായ പീസ് ടി.വിയുമായി ഐആര്‍എഫിന് ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കേരളത്തിലും മുംബൈയിലും അടക്കം അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ ഐആര്‍എഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളും കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണ് ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായതെന്ന തീവ്രവാദികളുടെ വെളിപ്പെടുത്തലോടെയാണ് ഐആര്‍എഫ് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തിലായത്.
