കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെ സ്‌ഥാനത്തുനിന്നും നീക്കി. ടി.കെ മോഹനന് പകരം ചുമതല നൽകി. കൂടുതൽ നടപടി സംസ്‌ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി. 

ആരോപണങ്ങളെ സംബന്ധിച്ച് പാർട്ടി വിശദമായ പരിശോധന നടത്തുമെന്നും രാജീവ് അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് സക്കീർ ഹുസൈനെതിരായ തീരുമാനം ഉണ്ടായത്.

ആരോപണങ്ങൾ പാർട്ടി അന്വേഷിക്കും. പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് നടപടി എടുത്തതെന്നും രാജീവ് കൂട്ടിച്ചേർത്തു.

കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് സക്കീർ ഹുസൈൻ ഒളിവിൽ പോയിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച വിധി പറയാനിരിക്കെയാണ് പാർട്ടി നടപടി. സക്കീർ ഹുസൈന് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.