കൊച്ചി: കേരളത്തിലെ വ്യാപാര രംഗം അതിന്‍റെ എല്ല വൈവിദ്ധ്യവും പ്രകടിപ്പിക്കുന്ന കാലമാണ് ഓണക്കാലം. ഓണം വിപണിയെന്നത് കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ ഇലക്ട്രോണിക്ക് മൊബൈല്‍ ഫോണ്‍ വില്‍പ്പനയുടെ കാലം കൂടിയാണ്. ഇത്തവണത്തെ ഓണക്കാലത്തും ഇങ്ങനെ തന്നെയാകും എന്നാണ് കരുതപ്പെടുന്നത്. മെയ് മുതല്‍ വിപണിയില്‍ എത്തുന്ന വിവിധ മൊബൈല്‍ ഫോണുകള്‍ ഏറ്റവും കൂടുതല്‍ റീട്ടെയിലില്‍ വില്‍ക്കപ്പെടാന്‍ പോകുന്ന മാസമാണ് ഓണക്കാലം. ഓഗസ്റ്റ് മധ്യത്തോടെ തന്നെ വിവിധ ഓഫറുകളുമായി സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ കേരളത്തിനെ തേടിയെത്തിയേക്കും എന്നാണ് വിപണിയില്‍ നിന്നുള്ള സംസാരം. 

പ്രധാനമായും ഓണ്‍ലൈന്‍ അടിസ്ഥാനമാക്കി വില്‍പ്പന നടത്തിയിരുന്ന മൊബൈല്‍ ബ്രാന്‍റുകള്‍ എല്ലാം തന്നെ ഇപ്പോള്‍ കേരളത്തിലെ റീട്ടെയിലില്‍ സജീവമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്ന ബ്രാന്‍റായ ഷവോമി. കേരളത്തില്‍ തങ്ങളുടെ റീട്ടെയില്‍ സാന്നിധ്യം കഴിഞ്ഞ ആറുമാസത്തില്‍ വലിയ തോതിലാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇത് ഓണക്കാലം കൂടി കണ്ടിട്ടാണ്. ഇതേ സമയം കഴിഞ്ഞ ഓണക്കാലങ്ങളില്‍ വലിയ പരസ്യം ചെയ്ത് കേരളത്തില്‍ നിന്നും നേട്ടം കൊയ്ത വിവോ, ഓപ്പോ തുടങ്ങിയ ബ്രാന്‍റുകളും പുതിയ ഫോണുകളുമായി ഓണം വിപണി ലക്ഷ്യമാക്കി തയ്യാറെടുക്കുന്നു എന്നാണ് സൂചന. 

കഴിഞ്ഞ തവണ നൂറ്റാണ്ടിലെ പ്രളയത്തിനെ തുടര്‍ന്ന് ഓണം വിപണിയില്‍ ഉണ്ടായിരുന്നത് തണുത്ത പ്രതികരണമാണ്. ഇത് വലിയ തോതിലാണ് കേരളത്തിലെ മൊബൈല്‍ റീട്ടെയില്‍ വിപണിയെ ബാധിച്ചത്. കാര്യമായ ഓഫറുകള്‍ ഒന്നും കഴിഞ്ഞ ഓണക്കാലത്ത് കേരളത്തില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. ഇത് റീട്ടെയില്‍ വില്‍പ്പനക്കാരെയും ബാധിച്ചു. എന്നാല്‍ ഇത്തവണ മികച്ച തനതായ ഓഫറുകളാണ് പ്രമുഖ റീട്ടെയില്‍ ഷോപ്പുകള്‍ ഓണം വിപണി ലക്ഷ്യമാക്കി രൂപപ്പെടുത്തുന്നത് എന്നാണ് സൂചന.