ആനന്ദിനെ പോലെ ലോക ചെസ് ചാമ്പ്യൻ ആകണമെന്നാണ് ഡോക്ടര്‍ ദമ്പതികളായ സരിൻറെയും ഷിജിൻറെയും മൂത്ത മകനായ നിഹാലിൻറെ ലക്ഷ്യം

മല്‍മോ: ചെസ്സില്‍ ചരിത്രനേട്ടം തേടി മലയാളി കൗമാര താരം നിഹാല്‍ സരിന്‍ ഇന്നിറങ്ങുന്നു. 2600 എലോ റേറ്റിംഗ് പോയിന്‍റിലെത്തുക എന്ന നേട്ടത്തിന് തൊട്ടരികിലാണ് മലയാളിതാരം. സ്വീഡനിലെ മല്‍മോയിലെ ചെസ് ടൂര്‍ണമെന്‍റിലിറങ്ങുമ്പോള്‍ സരിന് 2598 പോയിന്‍റാണ് സമ്പാദ്യം.

2600 പോയിന്‍റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും , ലോകത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാവുകയാണ് സരിന്‍റെ ലക്ഷ്യം. 14 വയസ്സും 10 മാസവും ആണ് സരിന്‍റെ പ്രായം. ചൈനീസ് താരത്തിന്‍റെ പേരിലാണ് നിലവില്‍ ലോക റെക്കോര്‍ഡ്.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ സമനിലയില്‍ തളച്ച് നിഹാല്‍ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ അൻപത്തിമൂന്നാം ഗ്രാൻറ്മാസ്റ്ററെന്ന വിശേഷണവും തൃശൂര്‍ സ്വദേശിക്കുണ്ട്. ലോക യൂത്ത് ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം കൊയ്ത നിഹാല്‍ അണ്ടര്‍ 14 ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. ആനന്ദിനെ പോലെ ലോക ചെസ് ചാമ്പ്യൻ ആകണമെന്നാണ് ഡോക്ടര്‍ ദമ്പതികളായ സരിൻറെയും ഷിജിൻറെയും മൂത്ത മകനായ നിഹാലിൻറെ ലക്ഷ്യം.