തായ്‌പെയ് അരീന: ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഞായറാഴ്‌ചയാണ് ഫൈനല്‍. മൂന്നാം സീഡ് സമീര്‍ വര്‍മ്മ, മലയാളി താരം എച്ച് എസ് പ്രണോയ്, 2016ലെ ചാമ്പ്യന്‍ സൗരഭ് വര്‍മ്മ എന്നിവരാണ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ ഇന്ത്യക്കായി കോര്‍ട്ടിലെത്തും. 2008ൽ കിരീടം നേടിയ ശേഷം ആദ്യമായാണ് സൈന ഇവിടെ കളിക്കുന്നത്. വനിതകളില്‍ ടോപ് സീഡും സൈനയാണ്. ലോക ചാമ്പ്യന്‍ പി വി സിന്ധു ഇവിടെ മത്സരിക്കുന്നില്ല.