ക്വലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണിൽ സെമി പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനും സൈന നെഹ്‌വാളിനും ശക്തരായ എതിരാളികളെ ആണ് നേരിടേണ്ടത്.

ടോപ് സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ തായ് സു യിങിനെ ആണ് സിന്ധു നേരിടുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മത്സരം തുടങ്ങും. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ തായിക്ക് ആണ് മേൽക്കൈ. പതിനാറില്‍ 11 മത്സരത്തിലും സിന്ധു തോറ്റിരുന്നു. അതേസമയം സൈന നെഹ്‌വാള്‍ ഒളിംപിക് ചാംപ്യന്‍ കരോലിനാ മാരിനെ നേരിടും. രണ്ട് മണിയോടെ മത്സരം തുടങ്ങുമെന്നാണ് കരുതുന്നത്. 

ദക്ഷിണ കൊറിയയുടെ കൗമാരവിസ്‌മയം ആന്‍ സി യങിനെ തോൽപ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 25-23 , 21-12. ആറാം സീഡ് പി വി സിന്ധു  ജാപ്പനീസ് താരം അയാ ഒഹോരിയെ തോൽപ്പിച്ചും ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 21-10, 21-15. അതേസമയം എച്ച് എസ് പ്രണോയി, സമീര്‍ വര്‍മ, പി കശ്യപ്, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്കും സാത്വിക്-ചിരാഗ് സഖ്യത്തിനും നിരാശയോടെ മടങ്ങേണ്ടിവന്നു.