ഗുജറാത്തിൽ സ്കൂളിൽ പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി വനിതാ ഇൻവിജിലേറ്ററെ മർദിച്ചു. പിന്നീട് പിതാവിനും സംഘത്തിനുമൊപ്പം സ്കൂളിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തിയെന്നും പരാതി. 

ഗാന്ധിനഗർ: പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ചതിന് വിദ്യാർത്ഥി വനിതാ ഇൻവിജിലേറ്ററെ മർദിച്ചതായി പരാതി. ഗുജറാത്തിലെ പഞ്ച്മഹലിലെ എസ്.ജെ. ഡേവ് ഹൈസ്കൂളിലാണ് സംഭവം നടന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെയാണ് പരാതി ഉയരുന്നത്. ജനുവരി 24ന് നടന്ന രണ്ടാം പ്രീ-ബോർഡ് പരീക്ഷയ്ക്ക് 18 വയസുള്ള വിദ്യാർത്ഥി മുഹമ്മദ് ഖാൻ അൻസാരി വൈകിയെത്തുകയായിരുന്നു. ഇതിനെ തുടർന്ന് വനിതാ ഇൻവിജിലേറ്റർ കാരണം ചോദിച്ചപ്പോൾ വീട്ടിൽ ആരും എന്നോട് ഒന്നും ചോദിക്കാറില്ലെന്നും നിങ്ങളാരാണ് എന്നെ ചോദ്യം ചോദ്യം ചെയ്യാനുമെന്നും വിദ്യാർത്ഥി തിരിച്ചു പറഞ്ഞതായി പൊലീസ് പറയുന്നു. തുടർന്ന് അധ്യാപികയുടെ കവിളിൽ അടിക്കുകയും തള്ളിവീഴ്ത്തുകയും ചെയ്ത ശേഷം ക്ലാസ് മുറിയിൽ നിന്ന് കുട്ടി ഓടിപ്പോയെന്നും പരാതിയിൽ പറയുന്നു.

സംഭവം സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധവും ഉയർന്നു. എന്നാൽ, സംഭവം നടന്ന അന്ന് തന്നെ വിദ്യാർത്ഥിയുടെ പിതാവ് അധ്യാപികയോടും സ്കൂളിന്റെ ചുമതലയുള്ള പ്രിൻസിപ്പലിനോടുമുൾപ്പെടെ ക്ഷമ ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷം, ജനുവരി 27ന് വിദ്യാർത്ഥി പിതാവിനൊപ്പം 15- 20 ആളുകളെ കൂട്ടിക്കൊണ്ട് വീണ്ടും സ്കൂളിലെത്തി. അധ്യാപിക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും, അത് ഓ‌‍‌ർമ വേണമെന്നുമുൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ ഫെബ്രുവരി 3ന് അധ്യാപികയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും വെള്ളിയാഴ്ച ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് ഇൻസ്പെക്ടർ അങ്കൂർ ചൗധരി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.