സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച താരത്തിന്റെ പ്രായത്തട്ടിപ്പ് എല്ലുപരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെ 400 മീറ്ററിൽ സ്വർണം നേടിയ താരത്തെ അയോഗ്യനാക്കി പുതിയ വിജയിയെ പ്രഖ്യാപിച്ചു. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തുന്നത്.

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ നടപടി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് 400 മീറ്ററില്‍ പുതിയ വിജയിയെ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പ്രായത്തട്ടിപ്പ് കണ്ടെത്തിയിരുന്നു. കോരുത്തോട് സ്‌കൂളിലെ താരമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ എല്ലുപരിശോധനയില്‍ പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവര്‍ മത്സരിക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു. തട്ടിപ്പ് കണ്ടെത്തിയ കുട്ടിയെ തല്‍ക്കാലം തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ആപ്പീല്‍ കമ്മിറ്റി തീരുമാനിച്ചു. അന്തിമ നടപടി പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോട്ടിന് ശേഷം.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് മാര്‍ ബേസില്‍, ഐഡിയല്‍ സ്‌കൂളുകളാണ് പരാതി നല്‍കിയത്. തട്ടിപ്പ് തെളിഞ്ഞതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ അധ്യാപിക ഷിബി മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മത്സരിച്ച മറ്റ് കുട്ടികളുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. പരിശോധന നടത്താന്‍ തയാറായ സര്‍ക്കാറിന് നന്ദിയുണ്ടെന്നും ഷിബി പറഞ്ഞു. ഈ ഇനത്തില്‍ മാത്രമല്ല, ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍, 600 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് പരാതിയുയര്‍ന്നിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ ബോണ്‍ ടെസ്റ്റ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

YouTube video player