മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ പാരാ അത്‌ലറ്റ് നീരജ് യാദവിനെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദില്ലി: മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് ദുരന്തവാർത്ത സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി. പാരാലിംപിക്‌സ് ചാമ്പ്യൻ സുമിത് അന്‍റിൽ, സഹ അത്‌ലറ്റ് വിപിൻ കസാന എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

വാർത്ത കേട്ട് ശരിക്കും ഞെട്ടിപ്പോയെന്നും കുടുംബവുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണ സത്യനാരായണ പ്രതികരിച്ചു. ഏഴാം വയസ്സിൽ പോളിയോ ബാധിച്ച നീരജ് യാദവ് എഫ്55 വിഭാഗത്തിൽ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളിലാണ് മത്സരിച്ചിരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ നീരജ് 2018 ജക്കാർത്ത ഏഷ്യൻ പാരാ ഗെയിംസിലും 2022 ഹാംഗ്ഷൂ ഏഷ്യൻ പാരാ ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയിരുന്നു. ഹാംഗ്ഷൂവിൽ ഡിസ്‌കസ് ത്രോയിലും അദ്ദേഹം സ്വർണ്ണമണിഞ്ഞു. അത്‌ലറ്റിക്‌സിലേക്ക് മാറുന്നതിന് മുൻപ് 2005 മുതൽ 2012 വരെ വീൽചെയർ ടെന്നീസ് താരമായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഡൽഹിയിൽ നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് വിലക്ക് നേരിട്ടതാണ് താരത്തെ മാനസികമായി തളർത്തിയത്. 2023-ൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നടത്തിയ പരിശോധനയിലാണ് സ്റ്റാനോസോലോൾ എന്ന ഉത്തേജകം കണ്ടെത്തിയത്. എന്നാൽ തന്‍റെ സാമ്പിളിൽ തിരിമറി നടന്നിട്ടുണ്ടെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും നീരജ് ശക്തമായി വാദിച്ചിരുന്നു. വിലക്കിനെ തുടർന്ന് ഈ മാസം നടന്ന ഐച്ചി-നാഗോയ ഏഷ്യൻ പാരാ ഗെയിംസ് നീരജിന് നഷ്ടമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക