കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ മൂന്ന് കിലോ മീറ്റര്‍ നടത്തത്തില്‍ ജി വി എച്ച് എസ് എസ് കണ്ണൂരിന്റെ വി പി ആദിത്യ അനായാസം സ്വര്‍ണത്തിലേക്ക്് നടന്നുകയറി. എന്നാല്‍ ജീവിതത്തിന്റെ ട്രാക്കില്‍ അത്ര  അത്ര അനായാസമല്ല കാര്യങ്ങള്‍. അടച്ചുറപ്പില്ലാത്ത ഒരു വീടില്ലാത്തതാണ് ഈ എട്ടാം ക്ലാസുകാരിയുടെ വേദന. കോഴിക്കോട് പെരുവെണ്ണാമുഴയിലെ വാടക വീടിനെ വീടെന്ന് വിളിക്കാനാവില്ല. 

കുടുംബ സാഹചര്യങ്ങള്‍ ആദിത്യ തന്നെ പറയും... ''ഒരു ഹാളാണുള്ളത്. ഹാള്‍ അടുക്കളയാക്കിയിരിക്കുന്നത്. അതിന് ബാക്കിയുള്ള സ്ഥലത്താണ് ഞാനും അച്ഛനും അമ്മയും സഹോദരിയും കഴിയുന്നത്. പുറത്താണ് കുളിമുറി. അവിടെ നിന്നാണ് വസ്ത്രങ്ങള്‍ മാറ്റുന്നത്. മഴയൊക്കെ വരുമ്പൊ ആദ്യം ചോര്‍ച്ചയുണ്ടായിരുന്നു. ഇപ്പോള്‍ ഷീറ്റ് കെട്ടി.

എല്ലാ കായികതാരങ്ങളും ആഗ്രഹിക്കുന്നത് ഒളിംപിക്‌സില്‍ പങ്കെടുക്കാനും മികച്ച കായികതാരമാവാനുമൊക്കെയാണ്. എനിക്കും എന്റെ ചേച്ചിക്കും ഉറങ്ങാനും സ്വസ്ഥമായി ഇരിക്കാനും ഒരു വീട് വേണമെന്നാണ് ആഗ്രഹം.'' ആദിത്യ പറഞ്ഞുനിര്‍ത്തി.