ബുഡാപെസ്റ്റില്‍ നടന്ന 54-ാം വേള്‍ഡ് അത്‍ലറ്റിക്സ് കോണ്‍ഗ്രസില്‍ എക്സിക്യുട്ടീവ് സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ ഉയർന്ന വോട്ട് നേടിയാണ് ആദില്‍ സമരിവാല വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്

ബുഡാപെസ്റ്റ്: ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കായിക മത്സരങ്ങളുടെ അന്താരാഷ്ട്ര ഭരണസമിതിയായ വേള്‍ഡ് അത്‍ലറ്റിക്സിന്‍റെ ഭരണരംഗത്ത് ഇന്ത്യന്‍ തിളക്കം. വേള്‍ഡ് അത്‍ലറ്റിക്സ് എക്സിക്യുട്ടീവ് ബോർഡിലെ നാല് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായി അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ) പ്രസിഡന്‍റ് ആദില്‍ സമരിവാല തെരഞ്ഞെടുക്കപ്പെട്ടു. ലോക ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കായികയിനങ്ങളുടെ പരമോന്നത സംഘടനയായ വേള്‍ഡ് അത്‍ലറ്റിക്സിന്‍റെ എക്സിക്യുട്ടീവ് ബോർഡിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 65കാരനായ ആദില്‍ സമരിവാല. 

ബുഡാപെസ്റ്റില്‍ നടന്ന 54-ാം വേള്‍ഡ് അത്‍ലറ്റിക്സ് കോണ്‍ഗ്രസില്‍ എക്സിക്യുട്ടീവ് സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ ഉയർന്ന വോട്ട് നേടിയാണ് ആദില്‍ സമരിവാല വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 2023- 2027 കാലത്തേക്കാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരിക്കുന്നത്. സമിതിയില്‍ ആദില്‍ സമരിവാലയെ കൂടാതെ മറ്റ് മൂന്ന് വൈസ് പ്രസിഡന്‍റുമാർ കൂടിയുണ്ട്. സിമേന റെസ്ട്രെപോ, റൗള്‍ ചപാഡോ, ജാക്ക്സണ്‍ തവേയ് എന്നിവരാണ് മറ്റുള്ളവർ. ഒരു പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാർ, മൂന്ന് അപോയിന്‍റ് മെമ്പർമാർ, സിഇഒ എന്നിവരാണ് വേള്‍ഡ് അത്‍ലറ്റിക്സ് എക്സിക്യുട്ടീവ് ബോർഡിലുള്ളത്. എട്ട് മത്സരാർഥികളില്‍ കൂടുതല്‍ വോട്ട് കിട്ടുന്ന നാല് പേരാണ് വൈസ് പ്രസിഡന്‍റുമാരാവുക. 

2012 മുതല്‍ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റാണ് ആദില്‍ സമരിവാല. 2015 മുതല്‍ വേള്‍ഡ് അത്‍ലറ്റിക്സ് കൗണ്‍സിലില്‍ ഇദേഹം അംഗമാണ്. ഒളിംപിക്സ് അടക്കമുള്ള നിരവധി രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ പുരുഷന്‍മാരുടെ 100 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ആദില്‍ സമരിവാല. 1980 മോസ്കോ ഒളിംപിക്സിലെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ത്യന്‍ അത്‍ലറ്റിക് ഭരണരംഗത്തെ നിർണായക സാന്നിധ്യമായ ആദില്‍ സമരിവാലക്ക് ലോക അത്‍ലറ്റിക്സ് നയരൂപീകരണത്തിലടക്കം ഭാഗവാക്കാകാനുള്ള വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്. 

Scroll to load tweet…

Read more: വിസില്‍ പോട്! ട്വിറ്ററില്‍ സിഎസ്കെ 'കോടിപതി'; നേട്ടത്തിലെത്തുന്ന ആദ്യ ടീം, മുംബൈ ഇന്ത്യന്‍സ് ഏറെ പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം