കണ്ണൂര്‍: സ്‌കൂൾ കായികോത്സവത്തിലെ മണിപ്പൂരി താരങ്ങൾക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണം ഉയരുന്നു. ഇതിനെതിരെ സമാപനവേദിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം അധ്യാപകരും താരങ്ങളും. സബ് ജൂനിയര്‍ വിഭാഗത്തില്‍ മണിപ്പൂരി താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു.

സ്കൂള്‍ കിരീടം ലക്ഷ്യമിട്ട് ചില പരിശീലകര്‍ മണിപ്പൂരി താരങ്ങളെ ഇറക്കുമതി ചെയ്യുന്നുവെന്നാണ് ആരോപണം. ഈ താരങ്ങള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നത് പ്രായത്തട്ടിപ്പിലൂടെയാണെന്നാണ് ആക്ഷേപം. മറുനാടന്‍ താരങ്ങള്‍ നേടുന്ന പോയന്റുകള്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിന് പരിഗണിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം സബ് ജൂനിയര്‍ താരങ്ങള്‍ ഡിപിഐക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.

അതേസമയം, നിലവിലെ നിയമമനുസരിച്ച് മണിപ്പൂരി താരങ്ങളെ വിലക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പല ഇറക്കുമതി താരങ്ങളുടെയും പ്രായത്തെക്കുറിച്ചും സംശയങ്ങളുണ്ടെന്ന് തുറന്നു പറയുന്ന മുതിര്‍ന്ന പരിശീലകര്‍ സ്കൂള്‍ മീറ്റില്‍ ഇലക്ട്രോ കാര്‍ഡ് സമ്പ്രദായം നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന അഭിപ്രായക്കാരാണ്.