Asianet News MalayalamAsianet News Malayalam

ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണം; ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും തത്കാലത്തേക്ക് റദ്ദാക്കി

ലൈംഗിക ആരോപണമടക്കമുന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് കായിക താരങ്ങളുയർത്തിയത്.

All matches of national wrestling federation have been canceled for temporarily
Author
First Published Jan 22, 2023, 10:59 AM IST

ദില്ലി: ഗുസ്തി താരങ്ങളുടെ പരാതിക്ക് പിന്നാലെ ഗുസ്തി ഫെഡറേഷന്‍റെ എല്ലാ മത്സരങ്ങളും താത്കാലികമായി നിർത്തി വച്ചു. പരാതികൾ അന്വേഷിക്കുന്ന മേൽനോട്ട സമിതിയെ നിയമിക്കും വരെയാണ് നടപടി. ഇന്ന് നടക്കാനിരുന്ന ഗുസ്തി ഫെഡറേഷൻ യോഗവും റദ്ദാക്കി. അതേസമയം, ഉത്തർപ്രദേശിലെ ചില ബിജെപി എംഎൽഎമാർ ആരോപണവിധേയനായ ബ്രിജ് ഭൂഷണ് പിന്തുണയറിയിച്ചു.

അയോധ്യയിൽ ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു ഗുസ്തി ഫെഡറേഷൻ്റെ വാർഷിക പൊതു യോഗം നിശ്ചയിച്ചിരുന്നത്. ഈ യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തുമെന്ന് നേരത്തെ ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളുമായി കായിക മന്ത്രി നടത്തിയ ചർച്ചയിൽ പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കുമെന്നും, അന്വേണ കാലയളവിൽ ഫെഡറേഷൻ പ്രവർത്തനങ്ങൾ സമിതി ഏറ്റെടുക്കുമെന്നും ഉറപ്പ് നൽകി. ഈ സമിതി ചുമതലയേൽക്കും വരെ ഫെഡറേഷൻറെ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് കേന്ദ്രത്തിൻ്റെ ഒടുവിലത്തെ തീരുമാനം. ഇതോടെ വാർഷിക യോഗം റദ്ദാക്കി. ഇതു കൂടാതെ റാങ്കിംഗ് മത്സരവും, എൻട്രി ഫീസ് തിരിച്ചടവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവച്ചു. 

Also Read: പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്‍റെ മുഖത്തടിച്ച് ബ്രിജ് ഭൂഷൺ സിംഗ്; വീഡിയോ

ഇതിനിടെ ഗുസ്തി താരങ്ങൾ ലൈംഗികാരോപണമുയർത്തിയ അധ്യക്ഷൻ ബ്രിജ് ഭൂഷണ് പിന്തുണയുമായി ബേജെപി എംഎൽഎമാറെത്തി. എംഎൽഎമാരായ അജയ് സിംഗ്, പാൽതു റാം, എന്നിവരാണ് എംപിയെ സന്ദർശിച്ചത്. കായിക മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഫെഡറേഷൻ നിഷേധിച്ചിരുന്നു. ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ല എന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താത്പര്യങ്ങൾ ആണെന്നുമാണ് ഫെഡറേഷൻ വിശദീകരണത്തിൽ പറഞ്ഞത്. പ്രതിഷേധമുയർത്തിയ താരങ്ങളെ വിമർശിച്ച രംഗത്ത് വന്ന ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ ഇന്നലെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും, താരങ്ങളുടെ ആരോപണത്തിന് തെളിവ് ഇല്ലെന്നുമായിരുന്നു തോമറിന്റെ വിമർശനം.

Follow Us:
Download App:
  • android
  • ios