ബെംഗളൂരു: അത്‍ലറ്റിക്‌സ് അക്കാദമിയിലൂടെ പരിശീലകയായും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജ്. ബെംഗളൂരുവിൽ അക്കാദമിയുടെ പ്രവർത്തനങ്ങൾ കാണാൻ കേന്ദ്ര കായികമന്ത്രി കിരൺ റിജിജു നേരിട്ടെത്തി. ഭാവി പദ്ധതികളെക്കുറിച്ചും ഒപ്പം ദോഹയിൽ തുടങ്ങിയ ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പ്രതീക്ഷകളെക്കുറിച്ചും അഞ്‌‍ജു സംസാരിക്കുകയാണ്.

അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്

ഇത്രയും കാലം ഒരു അത്‌ലറ്റായിരുന്നു. ഇനി കോച്ചിംഗ് കരിയറിലേക്ക് മാറുകയാണ്. എന്‍റെ പരിശീലകന്‍ കൂടിയായ ബോബിയുമുണ്ട്(റോബര്‍ട്ട് ബോബി ജോര്‍ജ്) കൂടെ. രണ്ടുപേരുടെയും കൂട്ടായ പരിശ്രമമാണിത്. സിന്തറ്റിക് ട്രാക്കിനാണ് അഞ്ച് കോടി രൂപ അനുവദിച്ചിരിക്കുന്നത്. മറ്റ് സൗകര്യങ്ങള്‍ നമ്മള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അക്കാദമിയിലേക്ക് താരങ്ങളെ കണ്ടെത്താന്‍ ടാലന്‍റ് സ്‌കൗട്ടുകള്‍ സംഘടിപ്പിക്കും. അതിന്‍റെ വേദികളൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടില്‍ നിന്നുള്ള താരങ്ങളെയും പങ്കെടുപ്പിക്കും. അടുത്ത അക്കാദമിക് വര്‍ഷത്തോടെ പൂര്‍ണമായും ആരംഭിക്കാനാവും എന്നാണ് പ്രതീക്ഷ. 

ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍

ജാവലിന്‍ ത്രോയില്‍ മെഡല്‍ സാധ്യതയുണ്ടായിരുന്ന നീരജ് ചോപ്ര മത്സരിക്കാത്തത് വലിയ തിരിച്ചടിയാണ്. ഇത്തവണ ആരെങ്കിലും ഫൈനലിലെത്തിയാല്‍ തന്നെ അത് വലിയ നേട്ടമായിരിക്കും. ഉറപ്പുള്ള മെഡല്‍ ഇല്ല. ടോപ് ലെവല്‍ മത്സരങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ നമ്മുടെ താരങ്ങള്‍ക്ക് കുറവാണ്. ആ മേഖലയില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളി താരം ശ്രീശങ്കര്‍ അടുത്ത ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ കഴിയുന്ന താരമായി വളരാന്‍ കഴിവുള്ളയാളാണ്. 

പാരിസിലെ ചരിത്ര ചാട്ടത്തിന്‍റെ ഓര്‍മ്മകള്‍

ലോക ചാമ്പ്യന്‍ഷിപ്പില്‍ 2003ല്‍ മെഡല്‍ നേടുമെന്ന് ഞാനും ബോബിയും ഒഴികെ ആരും പ്രതീക്ഷിച്ചിരുന്നില്ല. മെഡല്‍ നേടാനായതില്‍ വലിയ അഭിമാനമുണ്ട്. ഞങ്ങളുടെ അക്കാദമിയിലൂടെ വീണ്ടുമൊരു മെഡല്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അഞ്‌ജു ബോബി ജോര്‍ജ് പറയുന്നു. 

പാരിസില്‍ 2003ല്‍ ലോഗ്‌ജംപില്‍ വെങ്കല മെഡല്‍ നേടി ചരിത്രമെഴുതുകയായിരുന്നു അഞ്‌ജു ബോബി ജോര്‍ജ്. 6.70 മീറ്റര്‍ പിന്നിട്ട അഞ്‌ജു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി. അഞ്‌ജു ബോബി ജോര്‍ജിന് ശേഷം മറ്റൊരു ഇന്ത്യന്‍ അത്‌ലറ്റിനും ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാനായിട്ടില്ല.