ബെംഗലുരു: 'ഇന്ത്യന്‍ ബോള്‍ട്ട്' ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്‍. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത് ഷെട്ടിയാണ് പുത്തന്‍ താരം. ഞായറാഴ്ച നടന്ന കമ്പള ഓട്ട മല്‍സരത്തിലാണ് ഇന്ത്യന്‍ ബോള്‍ട്ട് ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് നിശാന്ത് മറികടന്നത്. നൂറുമീറ്റര്‍ ദൂരം 9.51 സെക്കന്‍റിനുള്ളിലാണ് നിശാന്ത് മറികടന്നത്. ഇതേദൂരം 9.55 സെക്കന്‍റിലാണ് ശ്രീനിവാസ് ഗൗഡ പൂര്‍ത്തിയാക്കിയത്. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. 

സൂര്യ ചന്ദ്ര ജോഡുകരെ കമ്പള മത്സരത്തിലാണ് നിശാന്തിന്‍റെ മിന്നുന്ന് പ്രകടനം. ഇന്ത്യന്‍ ബോള്‍ട്ടെന്ന് പേരില്‍ സമൂഹ മാധ്യമങ്ങളില്‍ താരമായ ശ്രീനിവാസ് ഗൗഡയ്ക്ക് മുഖ്യമന്ത്രി മൂന്ന് ലക്ഷം രൂപ നല്‍കി അഭിനന്ദിച്ചത് കഴിഞ്ഞ ദിവസമാണ്. 
ശ്രീനിവാസ് ഗൗഡയെ സായ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം ശ്രീനിവാസ് ഗൗഡ നിരസിച്ചിരുന്നു.  

ട്രാക്കില്‍ ഓടി പരിചയമില്ലാത്തതിനാലാണ് ട്രയല്‍സില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ശ്രീനിവാസ് ഗൗഡ വ്യക്തമാക്കിയിരുന്നു. ഇത്രയും വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കമ്പള മത്സരത്തില്‍ എനിക്ക് മുമ്പെ ഓടിയ കാളകള്‍ക്കും അതിന്റെ ഉടമയ്ക്കുമാണ് ഞാന്‍ എല്ലാം ക്രെഡിറ്റും നല്‍കുന്നത്. കാരണം കാളകളുടെ ഓട്ടമാണ് എന്റെ വേഗതക്ക് കാരണം. കാളകള്‍ക്ക് ഇതിലും വേഗതയില്‍ ഓടാനാവും. കാളകളുടെ ഉടമ അവയെ നല്ല രീതിയിലാണ് പരിപാലിച്ചിരുന്നതെന്നും ശ്രീനിവാസ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു.