പാലക്കാട്: പോളണ്ടില്‍ നടക്കുന്ന അന്താരാഷ്‌ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് തൃത്താല സ്വദേശി ഷഹിം മുഹമ്മദ്. ദേശീയ, സംസ്ഥാന തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഈ വിദ്യാര്‍ഥി നേടിയിട്ടുണ്ട്.

നിരവധി മത്സരങ്ങളില്‍ നേരത്തെ നേടിയ വിജയം അന്താരാഷ്‌ട്ര പഞ്ചഗുസ്തി മത്സരത്തിലും ആവര്‍ത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഷഹിം. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പില്‍ അറുപതു കിലോ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് സ്വര്‍ണമെഡലുകള്‍ ഷഹീം മുഹമ്മദ് നേടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ സിക്കിമില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ഒന്നാംസ്ഥാനം നേടി. 

അഞ്ച് വര്‍ഷങ്ങളായി വിവിധ മത്സരങ്ങളില്‍ വിജയം നേടിയതിന്‍റെ കരുത്തുമായാണ് പോളണ്ടിലെ അന്താഷ്‌ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാൻ ഷഹീം മുഹമ്മദ് ഒരുങ്ങുന്നത്. മത്സരത്തില്‍ പങ്കെടുക്കാൻ കായിക പ്രേമികളാരെങ്കിലും സാമ്പത്തികമായി സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇരുപത്തിയൊന്നുകാരനായ ഈ വിദ്യാര്‍ഥി.