Asianet News MalayalamAsianet News Malayalam

കൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍

ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

 

Asian Games 2023, India beat South Korea 5-3 to reach Hockey Finals gkc
Author
First Published Oct 4, 2023, 4:06 PM IST

ഹാങ്ചൗ: ദക്ഷിണ കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലിലെത്തി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഹാര്‍ദ്ദിക് സിങ്, മന്‍ദീപ് സിങ്, ലളിത് ഉപാധ്യായ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ജുങ് മാഞ്ചേയ് കൊറിയക്കായി ഹാട്രിക്ക് നേടി. ഏഷ്യന്‍സ് ഗെയിംസ് ജേതാക്കള്‍ക്ക് പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പിക്കാനാവും. അഞ്ചാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 11ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. ആദ്യ ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ടു മുമ്പ് ലളിത് ഉപാധ്യായ് ഇന്ത്യയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ ദക്ഷിണ കൊറിയ ജുങ് മാഞ്ചേയിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 20ാം മിനിറ്റില്‍ ജുങ് മാഞ്ചേയ് വീണ്ടും കൊറിയക്കായി സ്കോര്‍ ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ പ്രത്യാക്രമണത്തിലൂടെ 24-ാം മിനിറ്റില്‍ നാലാം ഗോളും കൊറിയന്‍ വലയിലെത്തിച്ചു. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് അമിത് രോഹിദാസ് ആയിരുന്നു ഇന്ത്യയുടെ ലീഡയുയര്‍ത്തിയ ഗോള്‍ നേടിയത്.

ചൈനയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏഷ്യന്‍ ഗെയിംസിൽ എക്കാലത്തെയും വലിയ മെഡൽ വേട്ട

മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് ജുങ് മാഞ്ചേയ് ഹാട്രിക്ക് തികച്ച് വീണ്ടും കൊറിയക്കായി ഗോള്‍ നേടിതോടെ മത്സരം ആവേശത്തിന്‍റെ പരകോടിയിലായി.  സമനില ഗോളിനായി കൊറിയ ആഞ്ഞ് ശ്രമിക്കുന്നതിനിടെ 54ാം മിനിറ്റില്‍ അഭിഷേക് റിവേഴ്സ് ഹിറ്റിലൂടെ ഇന്ത്യയുടെ വിജയഗോള്‍ നേടി. അവസാന നിമിഷം കൊറിയ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് താഴെ മലയാളി താരം പി ആര്‍ ശ്രീജേഷ് ഉറച്ചു നിന്നതോടെ ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios