ദില്ലി: ഇന്ത്യയുടെ അമിത് പാംഘല്‍, ടോക്കിയോ ഒളിംപിക്സ് ബോക്സിംഗിന് യോഗ്യത നേടി.52 കിലോ വിഭാഗത്തിലാണ് പാംഘല്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. ജോര്‍ദാനില്‍ നടക്കുന്ന യോഗ്യതാ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍, ഫിലിപ്പിന്‍സ് താരം കാര്‍ലോ പാലാമിനെ  തോല്‍പ്പിച്ചാണ്(1-4)പാംഘല്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. ലോക ഒന്നാം നമ്പര്‍ താമായ അമിത് പാംഘല്‍, ആദ്യമായാണ് ഒളിംപിക്സിന് യോഗ്യത നേടുന്നത്.ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബോക്സിംഗ് താരമാണ് അമിത് പാംഘല്‍.

അതേസമയം, വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ജൂനിയര്‍ ചാമ്പ്യനായ സാക്ഷി ചൗധരിക്ക് ഒളിംപിക്സിന് യോഗ്യത ഉറപ്പാക്കാനായില്ല. കൊറിയയുടെ അജീയോട് ക്വാര്‍ട്ടറില്‍ തോറ്റ്(0-5) പുറത്തായതാണ് 19കാരിയായ സാക്ഷിക്ക് തിരിച്ചടിയായത്. സെമിഫൈനലിസ്റ്റുകള്‍ക്ക് മാത്രമാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കാനാവു. മെയില്‍ നടക്കുന്ന ലോക യോഗ്യതാ പോരാട്ടത്തില്‍ ജയിച്ചാല്‍ സാക്ഷിക്ക് ഒളിംപിക്സ് യോഗ്യത നേടാന്‍ ഇനിയും അവസരമുണ്ട്.

വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ഇന്ന് രാത്രി മത്സരത്തിനിറങ്ങും. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ മേരി കോമിനും ടോക്കിയോ ബര്‍ത്ത് ഉറപ്പിക്കാം.ന്യൂസിലന്‍ഡിന്റെ ടാസ്മിന്‍ ബെന്നിയെ ഇടിച്ചിട്ടാണ്(5-0) 37കാരിയായ മേരി ക്വാര്‍ട്ടറിലെത്തിയത്.