ദില്ലി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ സനില്‍കുമാര്‍. 87 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്റെ അസറ്റ് സാലിഡിനോവിനെ കീഴടക്കി സ്വര്‍ണം നേടിയാണ് സുനില്‍ ചരിത്രംകുറിച്ചത്.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 27 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ ഗുസ്തിതാരം സ്വര്‍ണം  നേടുന്നത്. ഏഷ്യന്‍ ഗുസ്തിയില്‍ 1993ല്‍ ഗ്രീക്കോ റോമന്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ പപ്പു യാദവാണ് അവസാനമായി ഇന്ത്യക്കായി സ്വര്‍ണം നേടിയത്. സെമിയില്‍ പിന്നില്‍ നിന്നശേഷം തിരിച്ചിടിച്ച് ഫൈനലിലെത്തിയ സുനില്‍കുമാര്‍ ഫൈനലില്‍ എതിരാളിക്കെതിരെ സമ്പര്‍ണജയമാണ് സ്വന്തമാക്കിയത്(5-0).

സെമിയില്‍ കസാഖിസ്ഥാന്റെ അസ്മത് കുസ്റ്റുബയേവിനെതിരെ 1-8ന് പിന്നില്‍ നിന്നശേഷം തുടര്‍ച്ചയായി11 പോയന്റുകള്‍ നേടി സുനില്‍കുമാര്‍ 12-8ന്റെ അവിശ്വസനീയ ജയം സ്വന്തമാക്കി ഫൈനലിലെത്തിയത്. കഴിഞ്ഞ വര്‍ഷവും ഫൈനലിലെത്തിയിരുന്ന സുനില്‍ കുമാറിന് പക്ഷെ വെള്ളി കൊണ്ട് തൃപ്തിപെടേണ്ടിവന്നിരുന്നു. ഗ്രീക്കോ റോമന്‍ 55 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മറ്റൊരു താരമായ അര്‍ജുന്‍ ഹലാകുര്‍ക്കി വെങ്കലം നേടി.