സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ ഫൈനല്‍ റിസള്‍ട്ട് വന്നപ്പോള്‍ താരമായത് തൃശൂര്‍ മതിലകം സെന്റ് ജോസഫ് എച്ച് എസ് എസിലെ ഓഫീസ് അറ്റന്‍ഡറായ ജിബി പോള്‍. താന്‍ ജോലിയെടുക്കുന്ന സ്‌കൂളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന അമേഘ് കൃഷ്‌ണ സ്വര്‍ണവും അലൈന്‍ കൃഷ്‌ണ വെങ്കലവും നേടിയപ്പോള്‍ മുന്‍ കായിക താരത്തിന്റെ മനം നിറഞ്ഞു.
കോഴിക്കോട്: സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ ഫൈനല്‍ റിസള്‍ട്ട് വന്നപ്പോള്‍ താരമായത് തൃശൂര്‍ മതിലകം സെന്റ് ജോസഫ് എച്ച് എസ് എസിലെ ഓഫീസ് അറ്റന്‍ഡറായ ജിബി പോള്‍. താന്‍ ജോലിയെടുക്കുന്ന സ്‌കൂളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന അമേഘ് കൃഷ്‌ണ സ്വര്‍ണവും അലൈന്‍ കൃഷ്‌ണ വെങ്കലവും നേടിയപ്പോള്‍ മുന്‍ കായിക താരത്തിന്റെ മനം നിറഞ്ഞു.
സ്‌പോര്‍ട്‌സിനോടുള്ള താത്‌പര്യം കൊണ്ട് മാത്രം, ഓഫീസ് ജോലിക്ക് ശേഷമുള്ള സമയം ഇവരെ പരിശീലിപ്പിക്കാന്‍ ജിബി പോള്‍ കണ്ടെത്തുകയായിരുന്നു. ലോംഗ് റേസിലും ക്രോസ് കണ്‍ട്രിയിലും സംസ്ഥാന തലത്തില്‍ തിളങ്ങിയിട്ടുള്ള ജിബി പോള്‍ കഴിഞ്ഞ വര്‍ഷം മതിലകം സ്‌കൂളിലെ മുഹമ്മദ് നാഫിനെ ഡിസ്‌കസ് ത്രോ പരിശീലിപ്പിക്കുന്നത് കണ്ടിട്ടാണ് അമേഘും അലൈനും പരിശീലനത്തിനായി സമീപിച്ചത്. മുഹമ്മദ് നാഫ് കഴിഞ്ഞ വര്‍ഷത്തെ കായിക മേളയില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു.
പതിനൊന്ന് വര്‍ഷമായി മതിലകം സ്‌കൂളില്‍ ജോലി ചെയ്യുന്ന ജിബി പോള്‍ ജോലിക്ക് ശേഷം കുട്ടികളെ പരിശീലിപ്പിക്കുന്നത് മെഡല്‍ ലക്ഷ്യത്തോടെ തന്നെയാണെന്ന് ഇപ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെടുകയാണ്. ആറ് മാസം മുമ്പ് മാത്രമാണ് അമേഘിനും അലൈനും ജിബി പോള്‍ പരിശീലനം നല്‍കിത്തുടങ്ങിയത്. മുഴുവന്‍ സമയ പരിശീലകനായി ജിബി മാറിയിരുന്നെങ്കില്‍ എത്രമാത്രം കായിക പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു..!
സംസ്ഥാന കായിക മേളയില്‍ 37.74 മീറ്റര്‍ എറിഞ്ഞാണ് അമേഘ് സ്വര്‍ണം നേടിയത്. പെരിഞ്ഞനം കാരയില്‍ വീട്ടില്‍ കാര്‍ത്തികേയന്‍-ആശ ദമ്പതികളുടെ മകനാണ് അമേഘ് കൃഷ്‌ണ. മണ്ടത്തറ എടവലിങ്ങല്‍ നിഖില്‍ കൃഷ്‌ണന്‍-ബബിത ദമ്പതികളുടെ മകനാണ് അലൈന്‍ കൃഷ്‌ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




