മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷന്‍മാരില്‍ ഫെഡറർ-ജോകോവിച്ച് സൂപ്പര്‍ സെമി. നിലവിലെ ചാമ്പ്യൻ നൊവാക് ജോകോവിച്ച് ക്വാ‍ർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് മിലോസ് റയോണിച്ചിനെ തോൽപിച്ചു. സ്‌കോര്‍: 6-4, 6-3, 7-6. നേരത്തെ, അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫെഡറര്‍ ഏഴ് മാച്ച് പോയിന്റ് അതിജീവിച്ച് സെമിയിലേക്ക് മുന്നേറിയിരുന്നു. 

ഫെഡറര്‍ക്ക് അവസാനമില്ല; ഐതിഹാസിക തിരിച്ചുവരവ്

അമേരിക്കൻ താരം സാൻഡ്ഗ്രെനെ തോൽപിച്ചാണ് മുൻ ചാമ്പ്യൻ റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിൽ കടന്നത്. രണ്ടും മൂന്നും സെറ്റുകൾ നഷ്ടമായ ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുകയായിരുന്നു ഫെഡറ‍ർ. സ്‌കോർ 6-3, 2-6, 2-6, 7-6, 6-3. മത്സരം മൂന്ന് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്നു. ലോക റാങ്കിംഗിൽ നൂറാം സ്ഥാനക്കാരനാണ് സാൻഡ്ഗ്രെൻ. ടൂർണമെന്റിലെ മൂന്നാം സീഡാണ് ഫെഡറർ. 

വനിതകളില്‍ സോഫിയ- ബാർട്ടി സെമി

അതേസമയം വനിതകളില്‍ ഒന്നാം സീഡ് ആഷ്‍ലി ബാർട്ടിയും സോഫിയ കെനിനും സെമിഫൈനലില്‍ ഏറ്റുമുട്ടും. ബാർട്ടി നേരിട്ടുള്ള സെറ്റുകൾക്ക് പെട്ര ക്വിറ്റോവയെ തോൽപിച്ചു. സ്‌കോർ: 7-6, 6-2. ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ തോൽപിച്ചാണ് സോഫിയ സെമിയിലെത്തിയത്. സ്‌കോർ: 6-4, 6-4. അമേരിക്കൻ താരമായ സോഫിയ ആദ്യമായാണ് ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിലെത്തുന്നത്. 

മിക്‌സഡ് ഡബിള്‍സ്: പെയ്‌സ് സഖ്യം പുറത്ത്

എന്നാല്‍ ലിയാൻഡർ പെയ്സ്-യെലേന ഒസ്റ്റപെൻകോ സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ ജാമി മുറേ-ബെഥാനി മാറ്റെക് സഖ്യമാണ് പെയ്സ്-ഒസ്റ്റപെൻകോ ടീമിനെ തോൽപിച്ചത്. സ്‌കോർ: 6-2, 7-5. നാൽപ്പത്തിയാറുകാരനായ പെയ്സിന്റെ അവസാന ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരം കൂടിയായിരുന്നു ഇത്. ഈ വ‍‍ർഷം പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുകയാണെന്ന് പെയ്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.