മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ നോവാക് ജോകോവിച്ച് ഫൈനലില്‍. മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോകോവിച്ച് കലാശപ്പോരിന് യോഗ്യത നേടിയത്. സ്‌കോര്‍: 7-6, 6-4, 6-3. എട്ടാം തവണയാണ് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്.  

ഫെഡററും ജോകോവിച്ചും തമ്മിലുള്ള 50ആം മത്സരമായിരുന്നു ഇത്. ഇന്നത്തെ ജയത്തോടെ ജോകോവിച്ചിന്‍റെ ജയ പട്ടിക 27ലെത്തിയപ്പോള്‍ ഫെഡറര്‍ക്ക് 23 വിജയങ്ങളാണുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മേല്‍ക്കോയ്‌മ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു ജോകോ.

2007ന് ശേഷം ജോകോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍പ്പിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുവന്ന 38കാരനായ ഫെഡറര്‍ക്ക് പരിക്ക് തിരിച്ചടിയായി. ജോകോവിച്ച് ഏഴും ഫെഡറര്‍ ആറും തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചിട്ടുണ്ട്.