മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിള്‍സ് ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഓസ്‌ട്രിയയുടെ ഡൊമനിക് തീമും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. 

ഇതിഹാസ താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോവിച്ച് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഏഴ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്. രണ്ടാം സെമിയില്‍ അലക്‌സ് സ്വരേവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് തീം ഫൈനലിലെത്തിയത്. സ്‌കോര്‍ 3-6, 6-4, 7-6(3), 7-6(4).

വനിതകളില്‍ സോഫിയ കെനിന്‍

വനിതകളില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍ കിരീടമുയര്‍ത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ ഗര്‍ബൈന്‍ മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 14-ാം സീഡ് കെനിന്‍ കിരീടമുയര്‍ത്തിയത്. സ്‌കോര്‍ 4-6, 6-2, 6-2. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചതായിരുന്നു ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ കെനിന്റെ മികച്ച നേട്ടം.