മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് റാഫേൽ നദാൽ ഇന്നിറങ്ങും. ഉച്ചയ്‌ക്ക് രണ്ടിന് നിശ്ചയിച്ചിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ ഡൊമിനിക് തീമാണ് ലോക ഒന്നാം നമ്പർ താരമായ നദാലിന്റെ എതിരാളി. 

ഓസ്‌ട്രിയൻ താരമായ തീം അഞ്ചാം സീഡാണ്. ഇരുവരും ഇതിന് മുൻപ് പതിമൂന്ന് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. നദാൽ ഒൻപതിലും തീം നാലിലും ജയിച്ചു. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡീയ അലക്സാണ്ടർ സ്വരേവ്, മുൻ ചാമ്പ്യനായ സ്റ്റാൻ വാവ്രിങ്കയെ നേരിടും. ഡാനിൽ മെദ്‍വദേവിനെ തോൽപിച്ചാണ് വാവ്രിങ്ക ക്വാർട്ടർ ഫൈനലിൽ എത്തിയത്.

അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം സീഡ് സിമോണ ഹാലെപ് സെമി ഫൈനലിലേക്ക് മുന്നേറി. അനെറ്റ് കോന്റവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സിമോണയുടെ മുന്നേറ്റം. സ്‌കോർ: 6-1, 6-1. 

എന്നാല്‍ ലിയാൻഡർ പെയ്സ്-യെലേന ഒസ്റ്റപെൻകോ സഖ്യം മിക്‌സഡ് ഡബിൾസിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ ജാമി മുറേ-ബെഥാനി മാറ്റെക് സഖ്യമാണ് പെയ്സ്-ഒസ്റ്റപെൻകോ ടീമിനെ തോൽപിച്ചത്. സ്‌കോർ 6-2, 7-5. നാൽപ്പത്തിയാറുകാരനായ പെയ്സിന്റെ അവസാന ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരമായിരുന്നു ഇത്. ഈ വ‍‍ർഷം പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുകയാണെന്ന് പെയ്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.