മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പൺ വനിത സിംഗിള്‍സില്‍ വീണ്ടും അട്ടിമറി. രണ്ടാം സീഡ് കരോലിനാ പ്ലിസ്‌കോവയും ആറാം സീഡ് ബെലിന്‍ഡ ബെന്‍ചിച്ചും മൂന്നാം റൗണ്ടിൽ പുറത്തായി.

മുപ്പതാം സീഡ് റഷ്യയുടെ അനസ്‌താസിയ പാവ്‍‍ല്യുചെന്‍കോവ ആണ് പ്ലിസ്‌കോവയെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6, 7-6. ബെന്‍ചിച്ചിനെ ഇരുപത്തിയെട്ടാം സീഡ് അനെറ്റ് കൊന്‍റാവെയിറ്റ് തോൽപ്പിച്ചു. സകോര്‍: 6-0, 6-1. അതേസമയം ആഞ്ചലിക് കെര്‍ബര്‍ നാലാം റൗണ്ടിലെത്തി.

പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാല്‍ നാലാം റൗണ്ടിലെത്തി. സ്‌പെയിനിന്റെ തന്നെ പാബ്ലോ കരാനോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ തോല്‍പിച്ചു. സ്‌കോര്‍: 6-1, 6-2, 6-4. അടുത്ത റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കീറിയോസ്, റഷ്യയുടെ കാരന്‍ കച്ചനോവ് പോരാട്ടത്തിലെ വിജയികളാകും നദാലിന്റെ എതിരാളികള്‍. 

നിസ്ലാസ് വാവ്‌റിങ്ക, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഗര്‍ബൈന്‍ മുഗുരുസ, എലിസെ മെര്‍ട്ടന്‍സ് എന്നിവരും നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. രാവിലെ നടന്ന മൂന്നാം റൗണ്ട് മത്സരങ്ങളില്‍ റാഫേല്‍ നദാലിന് പുറമെ ഡൊമിനിക് തീം, ആന്ദ്രേ റുബ്‌ലേവ് എന്നിവരും ജയിച്ചിരുന്നു.