മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പൺ ടെന്നിസ് വനിതാ സിംഗിള്‍സ് ചാമ്പ്യനെ ഇന്നറിയാം. സീസണിലെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത് അമേരിക്കയുടെ സോഫിയ കെനിനും സ്‌പെയിന്‍റെ ഗാര്‍ബീന്‍ മുഗുറുസയുമാണ്. ലോക റാങ്കിംഗില്‍ 34ആം സ്ഥാനത്തുള്ള മുഗുറുസ സീഡ് ചെയ്യപ്പെട്ടിട്ടില്ല. സോഫിയ പതിനാലാം സീഡാണ്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കലാശപ്പോരിന് ആദ്യം

കരിയറില്‍ ഇതിനുമുന്‍പ് ഏറ്റുമുട്ടിയ ഏക മത്സരത്തിൽ കെനിന്‍ ആണ് ജയിച്ചത്. കെനിന്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുമ്പോള്‍ മുഗുറുസ 2016ൽ ഫ്രഞ്ച് ഓപ്പണും 2017ൽ വിംബിള്‍ഡണും ജയിച്ചിട്ടുണ്ട്. നാലാം സീഡ് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് മുഗുറുസ ഫൈനലില്‍ കടന്നത്. ഒന്നാം നമ്പര്‍ താരം അഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ച് കെനിന്‍ ഫൈനലില്‍ കടക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്.

ഹാലപ്പിനെതിരെ ഏകപക്ഷീയമായിരുന്നു മുഗുറുസയുടെ ജയം. ആദ്യ സെറ്റ് ടൈബ്രേക്കിലൂടെയാണ് സ്‌പാനിഷ് താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ താരത്തിന് അധികം വിയര്‍ക്കേണ്ടി വന്നില്ല. മത്സരം ടൈബ്രേക്കിലേക്ക് പോവും മുമ്പ് ഹാലെപ്പിന്റെ സെര്‍വ് ബ്രേക്ക് ചെയ്തു. നേരത്തെ ആതിഥേയ താരം ബാര്‍ട്ടിക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെനിന്‍ ജയിച്ചത്. സ്‌കോര്‍ 7-6, 7-5. 

പുരുഷ സിംഗിള്‍സില്‍ ജോക്കോവിച്ച്- തീം കലാശപ്പോര്

പുരുഷ സിംഗിള്‍സ് ഫൈനലില്‍ നൊവാക് ജോക്കോവിച്ചും ഡൊമനിക് തീമും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ അലക്‌സ് സ്വരേവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് തീം ഫൈനലിലെത്തിയത്. സ്‌കോര്‍ 3-6, 6-4, 7-6(3), 7-6(4). റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോവിച്ച് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഏഴ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്.